About Chakka Ada
ഇലയട എന്ന് കേൾക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ നാവിൽ വെള്ളമൂറും. ഇതിൽ ചക്കയും കൂടി ചേർത്തിട്ടുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പലരുടെയും വിചാരം ഈ ഇലയട ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ടാണ് എന്നാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണ് ഇത്.
Ingredients For Chakka Ada
- പഴുത്ത ചക്കചുള – 20
- വറുത്ത അരിപൊടി – 1 1/4
- ഉപ്പ്
- തേങ്ങ – 3/4 cup
- നെയ്യ് – 1 1/2 tsp
- ഏലക്ക പൊടി – 1/2 tsp
- ഇഞ്ചിപ്പൊടി – 1/2 tsp
- ശർക്കര – 1 cup ( 175 g)
- വെള്ളം – 1/4 cup
- വാഴ ഇല

How to Prepare Chakka Ada
ഇലയട തയ്യാറാക്കാനായി പഴുത്ത ചക്ക തിരഞ്ഞെടുക്കുക. വരിക്ക ചക്കയാണ് കൂടുതൽ രുചികരം. ആദ്യം കുറച്ച് ചക്കച്ചുള എടുത്ത് അതിന്റെ പാടയും കുരുവും എല്ലാം മാറ്റിയതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഇതിനെ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. ഈ സമയം ഒരു പാനിൽ ഒരു കപ്പ് ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കരപ്പാനിയാക്കി എടുക്കുക.
ഒരു ബൗളിൽ ഒന്നേകാൽ കപ്പ് വറുത്ത അരിപ്പൊടിയും ഒരു നുള്ള് ഉപ്പും മുക്കാൽ കപ്പ് തേങ്ങ ചിരകിയതും ഒന്നര ടീസ്പൂൺ നെയ്യും ചേർത്ത് യോജിപ്പിച്ച് എടുക്കണം. ഇതിലേക്ക് നമ്മൾ അരച്ചെടുത്ത ചക്ക ചേർക്കുക. ഏകദേശം ഒന്നര കപ്പ് ഉണ്ടാവണം. എപ്പോഴും അരിപ്പൊടിയേക്കാൾ കൂടുതൽ ചക്ക ഉണ്ടായിരിക്കണം. അങ്ങനെയാവുമ്പോൾ രുചി കൂടും. ഇതിലേക്ക് ശർക്കരപ്പാനി അരിച്ച് ഒഴിക്കണം. ഇതോടൊപ്പം അര ടീസ്പൂൺ വീതം ഏലയ്ക്കാ പൊടിച്ചതും ചുക്കുപൊടിച്ചതും ചേർക്കണം.

വാഴയില എടുത്ത് അതിന്റെ നടുക്ക് കുറച്ച് മാവ് വയ്ക്കുക. അതിനുശേഷം ഇല മടക്കിയിട്ട് കൈ വെച്ച് ചെറുതായി അമർത്തി പരത്തണം. ഇതുപോലെ മുഴുവൻ മാവും വാഴയിലയിൽ വച്ച് പരത്തി എടുക്കുക. ഇഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് വേവിക്കണം. ഏകദേശം 20 മിനിറ്റ് കൊണ്ട് തന്നെ വെന്തു കിട്ടും.
മലയാളികളുടെ നൊസ്റ്റാൾജിയായ ഇലയട ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? സൂപ്പർ മാർക്കറ്റിൽ വരെ ചക്കച്ചുള കിട്ടുന്ന കാലമാണ്. 20 ചക്കച്ചുള കിട്ടിയാൽ തന്നെ ഒരു കുടുംബത്തിന് കഴിക്കാനുള്ള ഇലയട ഉണ്ടാക്കാൻ സാധിക്കും. വീഡിയോ കാണാം.


