About Quick and tasty Chutney
രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ കയറുമ്പോൾ ആയിരിക്കും തേങ്ങ തികയില്ല എന്ന് മനസ്സിലാകുന്നത്. ഇനി സാമ്പാർ ഒന്നും ഉണ്ടാക്കാൻ സമയമുണ്ടാകത്തില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ചമ്മന്തി ആണ് ഇത്. വെറും 5 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഈ ചമ്മന്തി ഉണ്ടാക്കാൻ സാധിക്കും. രുചിയാണെങ്കിലോ, പറയുകയും വേണ്ട.
Ingredients for Quick and tasty Chutney
- വെളിച്ചെണ്ണ
- കടലപ്പരിപ്പ്
- വറ്റൽ മുളക്
- പിരിയൻ മുളക്
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- സവാള
- ഉപ്പ്
- കറിവേപ്പില
- പുളി
- തേങ്ങ

How to Make Quick and tasty Chutney
ഈ ചമ്മന്തി തയ്യാറാക്കാനായി ആദ്യം ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലപ്പരിപ്പ് ചേർത്ത് വഴറ്റണം. ഇതൊന്നു മൂത്ത വരുമ്പോൾ ഇതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള വറ്റൽ മുളക് ചേർക്കാം. നല്ല നിറം കിട്ടാനായി എട്ടോ പത്തോ പിരിയൻ മുളക് ചേർക്കുന്നതാണ് നല്ലത്. ഇത് വറുത്ത കോരി മാറ്റിവെക്കുക.
അതിനുശേഷം ഇതേ എണ്ണയിൽ കുറച്ച് വെളുത്തുള്ളി ചേർക്കുക. ഇതോടൊപ്പം ആറോ ഏഴോ ചെറിയ ഉള്ളിയും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു 80 ശതമാനം വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും നെല്ലിക്ക വലിപ്പത്തിൽ പുളിയും ചേർക്കാം. ഇതിന്റെ തീ അണച്ചതിനു ശേഷം കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കാം. ചെറിയ തീയിൽ ഇതിനെ ഒന്ന് വാട്ടിയെടുക്കാം. ഇത് തണുത്തതിനു ശേഷം അരയ്ക്കാം.
അരയ്ക്കാനായി ഒരു മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് ആദ്യം വറുത്ത് വച്ചിരിക്കുന്ന കടലപ്പരിപ്പും വറ്റൽ മുളകും ഒന്ന് ചതച്ചെടുക്കണം. അതിനുശേഷം ബാക്കി വളർത്തി വച്ചിരിക്കുന്നതെല്ലാം ചേർക്കുക. വെള്ളം ചേർക്കാതെ തന്നെ ഇതെല്ലാം അരച്ചെടുക്കാം. അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിക്കാം.അങ്ങനെ നല്ല രുചികരമായ ചമ്മന്തി തയ്യാർ. ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാവുന്ന അടിപൊളി കോമ്പിനേഷനാണ് ഈ ചമ്മന്തി. വീഡിയോ കാണാം.


